തൃശൂർ: കൊടുമണ്‍ പോറ്റിയെയും ചാത്തനെയും ഏകശരീരത്തിലേക്ക് ആവാഹിച്ച, ഭ്രമയുഗമെന്ന ചിത്രത്തിലെ അഭിനയമികവിന് മമ്മൂട്ടിക്കു മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസയെ മികച്ച നടിയായും തെരഞ്ഞെടുത്തു. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. ഇതേ ചിത്രത്തിന്റെ സംവിധായകൻ ചിദംബരമാണ് മികച്ച സംവിധായകനും തിരക്കഥാകൃത്തും.
ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച രണ്ടാമത്തെ ചിത്രമായി. ഫാസിലാണ് മികച്ച നവാഗതസംവിധായകനും. മികച്ച പിന്നണിഗായകനായി കെ.എസ്. ഹരിശങ്കറെയും പിന്നണിഗായികയായി സെബ ടോമിയെയും മികച്ച സംഗീതസംവിധായകനായി സുഷിൻ ശ്യാമിനെയും തെരഞ്ഞെടുത്തു. പ്രസന്ന വിതാനഗെ സംവിധാനംചെയ്ത പാരഡൈസിനു പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. പ്രേമലുവാണ് ജനപ്രീതിയുള്ള ചിത്രം. മഞ്ഞുമ്മൽ ബോയ്സ്, ബോഗയ്ൻവില്ല എന്നീ ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി.
പ്രത്യേക ജൂറി പരാമർശം: അഭിനയം- ടൊവിനോ തോമസ് (എആർഎം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ജ്യോതിർമയി (ബോഗയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്).
നടൻ പ്രകാശ് രാജ് ചെയർപേഴ്സണും രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഭാഗ്യലക്ഷ്മി, ഗായത്രി അശോകൻ, നിതിൻ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം, സി. അജോയ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്.